സ്വാതന്ത്ര്യ ദിനാശംസകൾ
പാതാളത്തിലേക്ക് ചവിട്ടിയാഴ്ത്തപ്പെട്ട രാക്ഷസ വംശത്തിൽ അമ്മയുടെ തീവ്ര തപസ്സിനാൽ പിറന്ന പുത്രൻ -രാവണൻ - കഠിന വഴികളിലൂടെ മുന്നേറിയ ബാല്യത്തിൽ നാരദ മഹർഷി ഒരിക്കൽ ആ ബാലന് ഒരു ഹൃദയമന്ത്രം പകർന്നു നല്കി " ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരീയസി " പെറ്റമ്മയും പിറന്ന മണ്ണും സ്വർഗത്തേക്കാളേറെ മഹനീയമാണ്. ആ ബാലൻ പിന്നെ ഇച്ഛാശക്തിയോടെ മുന്നേറിയത് തങ്ങളെ പാതാളത്തിലാഴ്ത്തിയവരെ പാഠം പഠിപ്പിക്കാനാണ്. ആ ഇച്ഛാശക്തിയുടെ കഥയാണ് രാവണന്റെ കഥ. അടിമത്തത്തിന്റെ പാതാളത്തിൽ ആണ്ടു പോയ ഭാരതീയന്റെ ഇച്ഛാശക്തിയുടെ മുന്നിൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം മുട്ടുമടക്കിയ അതുല്യമായ ചരിത്രമാണ് ഇന്ത്യൻ സ്വാതന്ത്രൃ സമര ചരിത്രം. അന്തിമ വിജയം നേടിയ ദിനത്തിന്റെ ഓർമ്മയുമായി ഒരു സ്വാതന്ത്ര്യ ദിനം കൂടി.
പൊങ്ങുക പൊങ്ങുക പൊൻ കൊടിയേ പൊങ്ങുക പൂർണ്ണ ജയക്കൊടിയേ എന്ന പാട്ടിനൊപ്പം ഉയരുന്ന ത്രിവർണ്ണ പതാക ആദ്യം കണ്ടത് പള്ളിക്കൂട മുറ്റത്താണ്. വർഷങ്ങൾക്ക് മുമ്പുള്ള ആ ദ്യശ്യം അന്നേ മനസ്സിൽ പതിഞ്ഞതാണ്. മിട്ടായിയുടെ മധുരം പില്ക്കാലത്ത് പായസ രുചിയിലേക്ക് വളർന്നേറിയപ്പോൾ ചരിത്രപാഠങ്ങൾ മനസ്സിൽ ഉറച്ചിരുന്നു.
പിന്നെ ആഗസ്ത് 15 ഒരു ഓർമ്മപ്പെടുത്തലും മുന്നേറാനുള്ള ഒരു പ്രചോദനവുമായി മനസ്സിൽ നിറഞ്ഞു. ഇന്ന് എഴുപത്തി നാലാം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യം മുഴുവൻ രോഗാതുരതയാൽ വീർപ്പു മുട്ടുമ്പോഴും നാവിലൂറുന്ന ഒരു മധുരമായി ആഗസ്ത് 15 നിറഞ്ഞു നിൽക്കുന്നു. ആത്മീയമായ ഔന്നത്യവും ഭൗതികോൽക്കർഷവും സമന്വയിപ്പിച്ച് എന്റെ ഭാരതം മുന്നേറുക തന്നെ ചെയ്യും. കാരണം ഇത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. ഈ മണ്ണ് എല്ലാ മതങ്ങളെയും കൈ നീട്ടി സ്വീകരിച്ചവരുടേതാണ്. ഇവിടെ എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തിണങ്ങി നമ്മുടെ സ്വരമായി മാറുന്നു. എല്ലാവർക്കും എന്റെ ഹൃദയം തൊട്ട സ്വാതന്ത്ര്യ ദിനാശംസകൾ
No comments:
Post a Comment